ഹൈദരാബാദ്: കൃത്രിമബുദ്ധിക്ക് ആരോഗ്യരംഗത്തെ കൂടുതൽ ജനകീയവും ചെലവു കുറഞ്ഞതുമാക്കാൻ കഴിയുമെന്ന് പ്രശസ്ത ഗാസ്ട്രോ എന്ററോളജിസ്റ്റും പദ്മ പുരസ്കാരജേതാവും എഐജി ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഡി. നാഗേശ്വർ റെഡ്ഢി.
ഐസിഎഫ്എഐ ഫൗണ്ടേഷൻ ഫോർ ഹയർ എഡ്യുക്കേഷന്റെ 16-ാമത് സ്ഥാപകദിന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. "ആർട്ടിഫിഷൽ ഇന്റലിജൻസും ആരോഗ്യരംഗത്തിന്റെ ഭാവിയും' എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
“എഐ ഒരിക്കലും ഡോക്ടർമാർക്കു പകരമാകില്ല. രോഗികളോടുള്ള സഹാനുഭൂതിയും സ്വാഭാവിക ബുദ്ധിയും ചേർന്നതാണ് വൈദ്യശാസ്ത്രം. എഐയെ ഡോക്ടർമാർക്കു പകരക്കാരനായല്ല, മറിച്ച് അവരുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒരു ഉപകരണമായാണു കാണേണ്ടത്”- അദ്ദേഹം പറഞ്ഞു.
മരുന്നു കണ്ടെത്തൽ പ്രക്രിയയെ പതിറ്റാണ്ടുകളിൽനിന്ന് വെറും രണ്ടു വർഷമായി ചുരുക്കാൻ എഐക്ക് സാധിച്ചിട്ടുണ്ട്. വരുംദശകത്തിൽ ഫാർമസ്യൂട്ടിക്കൽ ഗവേഷണങ്ങളിൽ ഇതു വലിയ വിപ്ലവം സൃഷ്ടിക്കും.
എഐജി ഹോസ്പിറ്റലിൽ നടപ്പാക്കിയ ‘മിറ' എന്ന എഐ റോബോട്ടിക് അസിസ്റ്റന്റ് ഡോക്ടർമാരെയും നഴ്സുമാരെയും സഹായിക്കുന്നതോടൊപ്പം രോഗികളുടെ കാത്തിരിപ്പുസമയം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. രോഗിയുടെ നില വഷളാകുന്നതിന് ഒരു മണിക്കൂർ മുമ്പുതന്നെ മുന്നറിയിപ്പ് നൽകുന്ന ‘ഐസേവ്' എന്ന എഐ സംവിധാനവും തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തു വർധിച്ചുവരുന്ന ഫാറ്റി ലിവർ രോഗനിർണയം കുറഞ്ഞ ചെലവിൽ നടത്താനും എഐ സഹായിക്കുന്നുണ്ട്. എന്നാൽ, എഐയുടെ ഉപയോഗം കൂടുമ്പോൾ വിവരങ്ങളുടെ സുരക്ഷിതത്വം, സ്വകാര്യത, ധാർമികത എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങിൽ ഐസിഎഫ്എഐ ചാൻസലർ ഡോ. സി. രംഗരാജൻ അധ്യക്ഷത വഹിച്ചു. എഐ സാങ്കേതികവിദ്യ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും വിദ്യാഭ്യാസമേഖലയിലും മറ്റും മാറ്റങ്ങൾ വരുത്തുമ്പോഴും അതിന്റെ പരിമിതികൾ മനസിലാക്കി ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎഫ്എഐ ഗ്രൂപ്പ് സ്ഥാപകൻ എൻ.ജെ. യശസ്വിയുടെ സംഭാവനകളെ ചടങ്ങിൽ അനുസ്മരിച്ചു. വൈസ് ചാൻസലർ (ഇൻ-ചാർജ്) ഡോ. ടി. കോട്ടി റെഡ്ഢി സ്വാഗതമാശംസിച്ചു.
വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.